കാഴ്ചപ്പാടുകൾ
പ്ലാറ്റ്ഫോമിൽ ഒരു മഞ്ഞ സാരിക്കാരി പതുക്കെ അടുത്തുള്ള തീവണ്ടിയിലേക്ക് കയറുന്നു.
ചുറ്റും ഉളളവർ അവരെ നോക്കുന്നു.
യാത്രക്കാരൻ 1 - ഇത് എൻ്റെ അനിയത്തി പറഞ്ഞ പോലെ ഉള്ള ഒരു സാരി ആണ്. പോകുന്ന വഴി ഒരു കടയിൽ കയറി നോക്കണം. ഇതിൻ്റെ വില എത്രയാകുമെന്തോ.
ഒരു തയ്യൽക്കാരി - ഇതിൻ്റെ ബ്ലൗസ് തയ്ച്ചത് ശരി ആയിട്ടില്ല. സാരിക്ക് ചേരുന്നില്ല. അല്ലേലും പട്ടണത്തിലെ തയ്യൽക്കാരൊക്കെ കാശ് കൂടുതൽ വാങ്ങിക്കും, ശരിക്ക് തയ്ക്കുകയുമില്ല.
സാരിക്കാരിയുടെ ആങ്ങള - ഇവളോട് ആരാ സാരി ഒക്കെ ഉടുത്ത് ഇത്ര ബുദ്ധിമുട്ടി യാത്ര ചെയ്യാൻ പറഞ്ഞത്. വീട്ടിൽ ചെന്നിട്ട് ബാക്കി പറയാം.
ഒരു കോളേജ് കുമാരി - ഈ ചേച്ചിയുടെ കമ്മൽ നന്നായിട്ടുണ്ട്. ഇനി കടയിൽ പോകുമ്പോ നോക്കണം. ഓൺലൈൻ ഓഫറിൽ കണ്ട പോലെ തോന്നുന്നു.
വനിതാ പ്രവർത്തക - ഈ കുട്ടിയുടെ കൂടെ ആരുമില്ലേ ? ഒറ്റക്ക് ആണോ യാത്ര പോകുന്നത് ? ഒന്ന് അന്വേഷിക്കണം നേരിട്ട് .
ഒരമ്മ - എൻ്റെ മോളുടെ പ്രായം കാണും ഇവൾക്ക് , എന്നാലും അവൾക്ക് വണ്ണം വെക്കുന്നില്ല. ലേഹ്യം വല്ലതും വാങ്ങിച്ച് കൊടുക്കണം.
ഒരു പൂവാലൻ - കൊള്ളാലോ , ഒന്ന് മുട്ടിയാലോ.
ഒരു വയസ്സായ സ്ത്രീ - ഞാനും ഇങ്ങനെ ഒക്കെ ഇരുന്നതാ , പണ്ട് ഇങ്ങനത്തെ സാരി ഫാഷനിൽ ഒരിടയ്ക്ക് ഉണ്ടായിരുന്നു.
ചായ വിൽപ്പനക്കാരൻ - ഒരു യാത്രക്കാരി ആണല്ലോ , ഏത് കമ്പാർട്ട്മെൻ്റ് ആകും ആവോ. വേഗം ചായ കൊണ്ട് കേറണം.
സാരിക്കാരി മൊബൈലിൽ നോക്കി ഇരിക്കുക ആയിരുന്നു , വണ്ടിയിൽ കയറി വീണ്ടും പാട്ടിൽ മാത്രമായി ശ്രദ്ധ. അങ്ങനെ ആ തീവണ്ടിയും കടന്ന് പോയി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ