നായകൻ..
അയാളുടെ കഥയിലെ നായകൻ അയാൾ തന്നെ ആയിരുന്നു. തിരക്കഥയും സംഭാഷണവും എല്ലാം സ്വയം മനസ്സിൽ പറഞ്ഞു കൊണ്ട് ആയിരുന്നു ഓരോ നിമിഷവും അയാൾ കഴിച്ച് കൂട്ടിയത്. തൻ്റെ ജയവും തോൽവിയും സന്തോഷവും സങ്കടവും എല്ലാം നിരീക്ഷിച്ച് സ്വയം ഒരു പരീക്ഷണത്തിന് തയ്യാർ ആകുക ആയിരുന്നു , അത് അയാളുടെ ഭ്രാന്തമായ അഭിനിവേശം ആയിരുന്നു.
ചിലപ്പോൾ ചുറ്റിനും ഉള്ളത് കാണുവാൻ പോലും തോന്നാത്ത രീതിയിൽ തൻ്റെ ലോകം അയാളിൽ നിറഞ്ഞു നിന്നിരുന്നു. മിണ്ടുവാനും വാ തുറന്നില്ല. ചിലപ്പോൾ ഉറക്കത്തെ കൂട്ട് പിടിച്ചു.
സ്വപ്നങ്ങൾ , ആഗ്രഹങ്ങൾ അവ അയാളെ പ്രയത്നിക്കുവാൻ പ്രേരിപ്പിച്ചു. ജീവനേക്കാൾ അവ സ്വന്തമാക്കുവാൻ അയാൾ പാട് പെട്ടു കൊണ്ടിരുന്നു. വിയർപ്പ് തുള്ളി കിനിയുമ്പോൾ സന്തോഷം ഉള്ളിൽ നിറഞ്ഞു , അയാൾ പുഞ്ചിരിച്ചു.
ചുറ്റിനും ലോകം മാറി മറിഞ്ഞ് കൊണ്ടിരുന്നു. അയാളും സഞ്ചരിച്ചു കൊണ്ടിരുന്നു. സ്വന്തം ബോധ തലങ്ങളുടെ അറിയാക്കയങ്ങളിലേക്ക്. കുറെയേറെ അയാൾക്ക് ചെയ്തു തീർക്കുവാൻ ഉണ്ടായിരുന്നു. മനസ്സിൽ വീണ്ടും ഒരു തീവണ്ടി പാഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ