മരണത്തിൻ്റെ ഗന്ധം..

 


 ആ മരണത്തിന് ഗന്ധം ഉണ്ടെന്ന് എനിക്ക് അനുഭവപ്പെട്ടില്ല , ആ ജീവൻ എനിക്ക് അത്ര മേൽ പ്രിയപ്പെട്ടത് ആയിരുന്നില്ല. ആരുടെയോ കൈയൂക്കിന് മുമ്പിൽ തകർന്ന ഒരു ജീവിതം മാത്രം ആയിരുന്നു അത്. എൻ്റെ ദൈനം ദിന ഔദ്യോഗിക ജീവിതത്തിൽ കണ്ട ഒരു മരണം , ഒരു ശവം മാത്രം ആണത്. മോർച്ചറിയിൽ നിന്ന് ആ ശവത്തിന് വീട് വരെ രക്ഷകനും ഞാൻ ആയിരുന്നു. വീട്ടുകാരുടെ അലമുറയും കേൾക്കുവാൻ എനിക്ക് സമയം ഇല്ലായിരുന്നു. വണ്ടി എടുത്ത് വീണ്ടും മറ്റൊരു പ്രശ്ന ബാധിത മേഖല ലക്ഷ്യമാക്കി നീങ്ങി. ദേഷ്യം , പുച്ഛം ഒക്കെ കണ്ട് മടുത്തു , ഭയം പോലും അഭിനയം മാത്രമെന്ന് ജോലി കിട്ടി കുറച്ച് നാളുകൾ കഴിഞ്ഞപ്പോൾ തന്നെ ഞാൻ മനസ്സിലാക്കിയിരുന്നു. 

 മനസ്സ് പിടയ്ക്കുമ്പോൾ കൈയ്യൂക്കുള്ളവൻ കൊല്ലുന്നു , അല്ലാത്തവർ സ്വയം മരണത്തിൽ അഭയം തേടുന്നു. മനസ്സ് മടുത്തു എന്ന് സ്വന്തം മനസ്സ് അറിഞ്ഞാൽ പ്രശ്നം തന്നെ ആണ്. തൻ്റെ ജീവിതം മറ്റൊരു മരണത്തിലേക്ക് അല്ല , ജീവൻ കൊടുക്കുവാൻ ആകണം എന്ന തൻ്റെ നിശ്ചയം മനസ്സിന് ഒന്ന് കൂടി മനസ്സിലാക്കി കൊടുക്കുവാൻ അത് ഒരു കടലാസ്സിൽ എഴുതി സ്വയം വായിക്കുമായിരുന്നു അയാൾ. മരണത്തിൻ്റെ തോഴൻ ആയി മാറിയപ്പോൾ ആദ്യം മാറിയത് ഭയം ആയിരുന്നു. താൻ ഇനി ഒരിക്കലും മരിക്കില്ല എന്ന് മനസ്സിലായി അയാൾക്ക്. ഭയം ഇല്ലാത്തത് കൊണ്ട് ജീവിതവും മരണവും അയാൾക്ക് മരീചിക പോലെ മാത്രം ആയിരുന്നു. കൈയിൽ ഫോർമാലിൻ മണക്കുന്നുണ്ടല്ലോ എന്ന് ഭാര്യ പറഞ്ഞപ്പോൾ നിസ്സംഗതയോടെ അയാൾ ഫയലുകൾ വീണ്ടും മറിച്ച് കൊണ്ടിരുന്നു.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ജനപ്രിയ പോസ്റ്റുകള്‍‌