പ്രണയത്തിൻ്റെ മൂന്ന് വശങ്ങൾ..

 


എൻ്റെ സുന്ദരി പെണ്ണിന് , 

നിന്നെ ആദ്യമായി ഞാൻ ശ്രദ്ധിച്ചത് ഒരു മഴക്കാലത്ത് അമ്പലത്തിൽ പ്രദക്ഷിണം വെച്ച് കൊണ്ട് ഇരിക്കുമ്പോൾ ആണ്. അന്ന് പ്രദോഷം ആയിരുന്നു. നിൻ്റെ പട്ട് പാവാടയും മഴയത്ത് ഉള്ള ഓട്ടവും ഞാൻ നോക്കി നിന്നു. നിൻ്റെ അനിയത്തി ആയിരുന്നു കൂടെ ഉണ്ടായിരുന്നത്. അവളും ഒരു സുന്ദരി പാറു തന്നെ ആയിരുന്നു. പിന്നീട് എല്ലാ പ്രദോഷവും ഞാനും അമ്പല നടയിൽ പോകുക പതിവായി. നിന്നെ കാണാൻ വേണ്ടി മാത്രം... ഭഗവാനും അറിയാമായിരുന്നു ഇത്. കൃഷ്ണാ, എൻ്റെ കൂടെ ഉണ്ടാകണം എന്ന് ഭഗവാനോട് നേരത്തെ തന്നെ പറഞ്ഞ് വെച്ചിരുന്നു ഞാൻ. എനിക്ക് ചന്ദന കുറി തൊടുവാൻ പോലും ശ്രദ്ധിക്കേണ്ടി വന്നിരുന്നു , അതിൻ്റെ ചന്തം പോരാഞ്ഞ് നീ കളിയാക്കി ചിരിച്ചാലോ എന്ന് ഓർത്തിട്ട്. 

പിന്നീട് , നീ എവിടെയോ പോയി മറഞ്ഞു. ഞാനും പഠനം തുടർന്നു , ജീവിതം പഠിപ്പിച്ചു കുറെയേറെ. 

പ്രിയപ്പെട്ട മരിയക്ക് , 

ഈ നഗരത്തിൻ്റെ തിരക്കിൽ ഒരു പാതയിൽ സൈക്ലിങ് നടത്തുവാൻ നീ വന്നപ്പോൾ നമ്മൾ ആദ്യമായി കണ്ട് മുട്ടി. നിനക്ക് എന്നെ ഇഷ്ടമെന്ന് എനിക്ക് അറിയാം. പക്ഷെ , ഇത് സൗഹൃദം മാത്രമാണ്. നിനക്ക് എന്നെ മനസ്സിലാക്കാൻ സാധിക്കുമല്ലോ, എനിക്ക് അത് മതി. എൻ്റെ യാത്ര ഏകാന്തമാണ് , അനന്തമാണ്. അത് ഞാൻ തുടരും. 

ലോകത്തിൻ്റെ  അപ്രാപ്യമായ ഒരു കോണിൽ ഇരിക്കുന്ന എൻ്റെ ദേവതക്ക്, 

നിനക്ക് ഹൃദയം തുറന്ന് സംസാരിക്കുവാൻ പോലും സമയമോ സന്ദർഭമോ ഇല്ല എന്ന് എനിക്ക് അറിയാം. നിൻ്റെ ജീവിതം സമൂഹത്തിന് വേണ്ടി നീ സമർപ്പിച്ചു എന്നും എനിക്ക് അറിയാം. നിൻ്റെ തോക്കിലെ വെടിയുണ്ടകൾ മാത്രമേ സംസാരിക്കുകയുള്ളൂ. അത് നീ തിരഞ്ഞെടുത്ത പാത ആണെന്ന് എനിക്ക് അറിയാം. എങ്കിലും , നിൻ്റെ ഈ ചങ്കൂറ്റം ആണ് എനിക്ക് ഇഷ്ടം. ഞാൻ മരിച്ചാലും നിന്നെ മാത്രം മറക്കില്ല , കാരണം നീയാണ് പെണ്ണ്. എൻ്റേത് ആകാത്ത എൻ്റെ പെണ്ണ്.മനസ്സ് കൊണ്ട് ഞാൻ തേടുന്ന ദേവകന്യക . 



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌