പിന്തുടർച്ച..
നിന്നെ പിന്തുടരുകയാണ്.
എൻ്റെ ജീവിതം തുടർന്നാൽ അതിനു പറ്റുമല്ലോ.
നീ പോകുന്ന വഴിയിൽ സത്യം കണ്ടെത്തിയാൽ എന്നെ അറിയിക്കണം.
ഈ വഴിയിൽ അധികം തിരക്കില്ല. സത്യാവസ്ഥ ചൂടപ്പം പോലെ അത്ര വിറ്റു പോകുന്ന ഒന്നല്ലല്ലോ.
നിറം പിടിപ്പിച്ച കഥകൾക്ക് കമ്പോളം വില ഏറെ നൽകുന്നു.
നിൻ്റെ പാത വരണ്ടതും ഇരുണ്ടതും ചെളി പിടിച്ചതും ആണ്. പക്ഷെ നിനക്ക് അത് കുഴപ്പമാണ് എന്ന് എനിക്ക് തോന്നുന്നില്ല. കാരണം , ആ പാതയിൽ പുഷ്പങ്ങൾ വിരിയിക്കാൻ ഇറങ്ങി പുറപ്പെട്ട സഞ്ചാരി ആണ് നീ.
ജന്മങ്ങൾ സഞ്ചരിച്ച് ഇന്ന് ഇവിടെ നീ മനസ്സ് കൊണ്ട് വീണ്ടും അതേ വഴിയിലൂടെ സഞ്ചരിക്കുന്നു. ഒരു നാൾ ഭൂമിയുടെ കിഴക്ക് എങ്കിൽ ഒരു നാൾ തെക്ക്.
എനിക്കും അത് പിന്തുടർന്ന് സഞ്ചരിക്കണം. പക്ഷെ , കൈയിൽ ഒരു മൊബൈലും ലാപ്ടോപ്പും ഒക്കെയാണ് ഉള്ളത്. എങ്കിലും മനസ്സ് കൊണ്ട് അനുയായി ആണ് നിൻ്റെ.
നീ യാത്ര തുടങ്ങുമ്പോൾ , നിൻ്റെ എഴുത്തുകൾ ഞാൻ പുസ്തകങ്ങൾ ആക്കും. എൻ്റെ കൂടപ്പിറപ്പുകൾ ആയി അവ എന്നെ മുന്നോട്ട് പോകുവാൻ സഹായിക്കും. കാരണം എനിക്ക് അറിയാം , പിന്നീട് നീ സഞ്ചരിക്കുന്നത് നിനക്ക് പോലും ചിന്തിക്കാൻ ഇപ്പോഴും കഴിയാത്ത പുതിയ പാതകളിലൂടെ ആയിരിക്കും. അന്ന് , നിൻ്റെ കൂടെ സന്തത സഹചാരികൾ വേറെ ഒരു പാട് പേർ ഉണ്ടാകും. ഞാൻ പാവം, ഒരു ദേശത്ത് ഉണ്ടുറങ്ങി ജീവിക്കുന്ന വെറും ഒരു മനുഷ്യൻ. എനിക്ക് നിൻ്റെ വാക്കുകൾ തന്നെ വെളിച്ചമേകാൻ ധാരാളം , നിൻ്റെ എഴുത്തുകൾ ഒരായുസ്സ് മുഴുവനും എനിക്ക് ജീവിക്കുവാൻ ഉള്ള പ്രചോദനം ഉള്ളവ ആണ്.
നിൻ്റെ എഴുത്തിൻ്റെ പത്ത് വർഷങ്ങൾ കൊണ്ട് ഇവിടെയുള്ള ആയിരം പേരുടെ എങ്കിലും ജീവിതകാലത്തേക്ക് മുഴുവനും ഉള്ളത് കിട്ടും .
എന്നിട്ട് നീ പോകണം. പിന്നീട് മൗനം പാലിച്ചു കൊണ്ട് യാത്രകളിൽ മുഴുകണം. കാരണം , അപ്പോഴേക്കും ചോദ്യവും ഉത്തരവും നിൻ്റെ എഴുത്തുകളിൽ നിന്ന് തന്നെ മറ്റുള്ളവർക്ക് മനസ്സിലാകും.
നിൻ്റെ വാക്കുകൾ കഴിഞ്ഞാൽ പിന്നെ നിൻ്റെ രൂപം അവർക്ക് സാന്ത്വനം ഏകും , നിൻ്റെ സഹായ ഹസ്തം അവർക്ക് ഏകുക.
ആദിയിൽ വചനം ഉണ്ടാകും , നിൻ്റെ വചനം , പിന്നെ നിൻ്റെ രൂപം ഉണ്ടാകും , അവസാനം , ആ വചനങ്ങൾ മാത്രം ഭൂമിയിൽ അവശേഷിക്കും. വഴി കാട്ടി ആയി , ആശ്വാസം ആയി.
സത്യം പറയാമല്ലോ , ഇതാണ് എൻ്റെയും നിൻ്റെയും സത്യം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ