മുഖങ്ങൾ - ചിന്തകൾ

 


ചില മുഖങ്ങൾ ചില തത്വചിന്തകൾ ഓർമ്മിപ്പിക്കാറുണ്ട്. 

അത് കൊണ്ട് തന്നെ അവരുടെ മുഖം മനസ്സിൽ തെളിഞ്ഞു വരും ഇടയ്ക്കിടയ്ക്ക്. അത് ഒരു സുഹൃത്ത് ആകാം , അല്ലെങ്കിൽ എപ്പോഴോ വെറുതെ ഒന്ന് പരിചയപ്പെട്ട ഒരു വ്യക്തി ആകാം. 

മാധ്യമങ്ങളിലെ മുഖങ്ങളും ഉദാഹരണം ആണ്. വാരികയിൽ വരയ്ക്കുന്ന പെണ്ണിനെ പോലെ ഒരുവൾ മുന്നിൽ വരുമ്പോൾ ഉള്ളിൽ വിചാരിക്കും ഇവരെ കണ്ടത് പോലെ ഇരിക്കുന്നല്ലോ എന്ന്. 

വഴിയിൽ നിന്ന് ചിരിക്കുന്ന പല്ല് പോയ അപ്പൂപ്പനും ഉണ്ട് ഒരു കഥ ഉള്ളിൽ തോന്നിപ്പിക്കുവാൻ ഉള്ള കഴിവ്. 

പിന്നെ ചിലരുണ്ട്. അവരുടെ പ്രായത്തിൻ്റെ ചുളിവുകൾ പോലും നമുക്ക് പരിചിതം ആണ്. നമ്മുടെ അധ്യാപകരുടെ മുഖം അങ്ങനെ ആണ്. 

ഒരിക്കൽ കണ്ടാൽ ഒരു ചിത്രം കണ്ടാൽ വീണ്ടും മറ്റൊരു ചിത്രം കാണണം എന്ന് തോന്നിപ്പിക്കുന്ന മനുഷ്യരും ഉണ്ട്. അവർ നമ്മുടെ ചിന്തകളിൽ വന്നങ്ങനെ കസേരയിട്ട് ഒരു ഇരിപ്പാണ്. പിന്നെ , വേറെ ചിന്തകൾ വന്നു നമ്മെ വിളിക്കുന്നത് വരെ അവരുമായി ഉള്ളിൽ നാം സംവദിക്കും. 

മറ്റു ചിലരുടെ മുഖം തെളിയാതെ ഇരിക്കുവാൻ ഉറക്കത്തെ കൂട്ട് പിടിക്കേണ്ടി വരും ചിലപ്പോൾ. 

ഓരോ മുഖവും സന്തോഷവും സങ്കടവും ഭയവും വെറുപ്പും നന്ദിയും ഒക്കെ നമ്മിൽ ഉണ്ടാക്കുന്നുണ്ട്. രൂപത്തിൽ നിന്ന് മനസ്സിലേക്ക് അവ കടക്കുമ്പോൾ ഒരു സ്ക്രീൻ വെച്ച് അളന്ന്  നോക്കേണ്ടി വന്നേക്കാം. ജീവിതം തന്നെ അതാണല്ലോ. തുലാസിൽ അളന്ന് നാം നിശ്ചയിക്കുന്ന ചിന്തകളുടെ അഭിപ്രായങ്ങളുടെ ഒരു കൂടാരം. 



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌