മഴയിലെ ചിന്താശകലങ്ങൾ

 


മഴ പെയ്തപ്പോൾ ഓർമ്മകൾ വീണ്ടും പടിവാതിൽക്കൽ വന്നു വിളിക്കുന്നു , ഇത് വരെ വന്ന വഴികളിൽ മഴ വെള്ളം നിറയുന്നു. ഒരു പക്ഷെ , തണുപ്പ് കാലം എന്നുള്ളതിനേക്കാൾ മലയാളിക്ക് മഴയോടാകാം അടുപ്പം. 

ഇടവപ്പാതിയും കുളിരും പിന്നെ കുറച്ച് ചിന്തകളും മനസ്സിൽ നിറയുമ്പോൾ , ആരോ പണ്ട് മറന്ന് വെച്ച കുട ഉമ്മറത്ത് ചാരി വെച്ചതും ഓർമ്മയിൽ ഓടി വന്നു. ചിലപ്പോൾ ഒപ്പം ഉണ്ടായിരുന്ന കൂട്ടുകാരിയുടെ വർണ്ണ മേറിയ സുന്ദരൻ കുട ആകാം അത്. 

കാലം മാറിയപ്പോൾ കുടയുടെ നിറം മങ്ങി. സൗഹൃദത്തിൻ്റെയും. എങ്കിലും ആ നാളുകൾ അത്രയേറെ ഹൃദ്യമായിരുന്നു. 

മഴത്തുള്ളികൾ അടുത്തുള്ള കുളത്തിൽ വീഴുമ്പോൾ ,അതിൽ നോക്കി ഇരുന്ന് ചിരിക്കുമായിരുന്നു , ചിലപ്പോൾ അശ്രുകണങ്ങളും ആ ജലധാരയിൽ അലിഞ്ഞു ചേർന്നിരുന്നു. 

വലിയൊരു ഭാവി ചെറിയൊരു ജീവിതത്തിൽ ഉണ്ടാകുവാൻ അന്നത്തെ കുട്ടികൾ ആഗ്രഹിച്ചിരുന്നു. അവർ കൗമാരവും യൗവനവും കടന്നു ശില പോലെ നിൽക്കുന്ന ഒരു പുതു യുഗത്തിലേക്ക് ഇപ്പോൾ പ്രവേശിച്ച് കഴിഞ്ഞു . എങ്കിലും പുതുമണം ഉള്ള മണ്ണിൻ്റെ നനവ് പോലെ പ്രതീക്ഷ മനസ്സിൽ വീണ്ടും നാമ്പിട്ട് നിൽക്കുന്നു. കാരണം , കാലം മാറ്റങ്ങളുടെ പങ്കാളിയാണ്. ഓരോ കാലവും പുതു മോടിയുമായി മോഹിപ്പിച്ചു തന്നെ മുന്നോട്ട് പോകും. പ്രപഞ്ചത്തിൻ്റെ മായാവലയം അഭേദ്യം തന്നെ. 

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌