വിജ്ഞാനം.
അയാൾ അവർക്ക് അറിവിൻ്റെ അവസാന വാക്ക് ആയിരുന്നു. ആ ഗോത്രത്തിൽ എന്ത് നടന്നാലും , എന്തിനും അവർ അയാളെ സമീപിച്ചിരുന്നു. കാരണം പുസ്തകം പോലെ അന്നുണ്ടായിരുന്നത് അറിവുള്ള മനുഷ്യരുടെ വാക്കുകളിൽ നിന്ന് കിട്ടുന്ന വിജ്ഞാനം ആയിരുന്നു.
അവർക്ക് വേണ്ടി അയാൾ ദൂരദേശങ്ങളിൽ പോയി അറിവും അനുഭവങ്ങളുടെ കൂമ്പാരവും നേടി. അതിനിടയിൽ സ്വന്തമായി ഒരു ജീവിതം പോലും വേണ്ടെന്നു വെച്ചു. കാരണം അവർ അത്ര മേൽ അയാൾക്ക് പ്രിയപ്പെട്ടവർ ആയിരുന്നു. അവർ ഓരോ അവസരത്തിലും അയാളോട് സംശയങ്ങൾ ചോദിച്ച് ഉത്തരങ്ങൾ തേടി. പക്ഷെ , ജീവിത സായാഹ്നം ആയപ്പോൾ കിട്ടുന്ന ആദരവിൽ കുറവ് വന്നു തുടങ്ങി.
എങ്കിലും അയാൾ അറിവുകളുടെ ഭാണ്ടക്കെട്ട് താഴെ വെച്ചില്ല. മറ്റുള്ളവർക്കും പകർന്ന് കൊടുത്ത് , അവരുടെ ഗുരു ആയി തന്നെ കുറേക്കാലം കൂടി തുടർന്ന് കൊണ്ട് ഒരു നാൾ യാത്ര ചെയ്യവേ ഒരു മല മുകളിൽ കാൽ തെന്നി തെറിച്ച് വീണു ഇഹലോകം വെടിഞ്ഞു.
ഹിമാലയ സാനുക്കൾ അയാളെ കോരിയെടുത്തുകൊണ്ട് മുത്തം നൽകി , വേറെ ലോകങ്ങളിലേക്ക് വീണ്ടും പഠിക്കുവാൻ അയച്ചു.
കലയും , സാഹിത്യവും , സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിലും എല്ലാം അയാൾക്ക് അഗാധമായ അറിവ് ഉണ്ടായിരുന്നു. ആ ജന്മ വാസന അയാളെ പിന്തുടർന്ന് കൊണ്ടിരുന്നു. പിന്നീട് അയാൾ ജന്മമെടുത്തു , ഒരു നാവികൻ ആയിട്ട്.
ലോകം ചുറ്റി സഞ്ചരിക്കുവാൻ വീണ്ടും സാധിച്ചു. നല്ല ഒരു കുടുംബവും അയാൾക്ക് ഉണ്ടായി. സമുദ്രത്തിൻ്റെ ആഴം അയാൾക്ക് ഒരു ഹരമായിരുന്നു.
അത് ഒരു നല്ല ജീവിതം ആയിരുന്നു എങ്കിലും യുദ്ധത്തിൻ്റെ നാളുകളിൽ മനസ്സിന് ഉണ്ടായ ക്ലേശം ഒരു പാട് സഹിച്ചാണ് അവസാന നാളുകൾ അയാൾ നീക്കിയത് . സാഹസികത ഇഷ്ടപ്പെടുന്ന ഒരുവൻ ആയി അയാൾ അതോടെ ഉള്ളിൻ്റെ ഉള്ളിൽ മാറിയിരുന്നു.
കുറേ വർഷങ്ങൾക്ക് ശേഷം , മൂന്നാമത്തെ ജന്മം അയാൾക്ക് ലഭിച്ചു.
രണ്ട് ജന്മങ്ങളിൽ അയാൾ നല്ലൊരു കരുത്തനായ പുരുഷൻ ആയിരുന്നു. സ്ത്രീയുടെ മനസ്സും ശരീരവും കിട്ടുവാൻ , അവ അറിയുവാൻ ഉള്ള ജിജ്ഞാസ ഇത്തവണ അയാൾക്ക് സ്ത്രീ ജന്മം ലഭിക്കുവാൻ ഇടയാക്കി.
ചെറുപ്പം മുതൽ അറിവിനോടും കലയോടും സഹസികതയോടും സമൂഹത്തിനോടും എല്ലാം തികഞ്ഞ അടുപ്പം നിലനിർത്തിയ ഒരു പെൺകുട്ടി ആയി അയാൾ വളർന്നു. സ്വന്തമായി ഈ ജന്മത്തിൽ എങ്കിലും ഒരു ജീവിതം ഉണ്ടാകുവാൻ ആഗ്രഹം ഉണ്ടായി എങ്കിലും അയാൾക്ക് അവിടെയും സ്ത്രീ രൂപം എടുത്തത് കൊണ്ട് പലതിനും പ്രതിബന്ധങ്ങൾ ഉണ്ടായി. എങ്കിലും ജന്മ സാഫല്യം ഇത്തവണ എങ്കിലും ഉണ്ടാകും എന്ന് ഉറപ്പ് ഉണ്ടായിരുന്നത് കൊണ്ട് അറിവ് പകരുവാനും ഗുരു ആകുവാനും വിശ്വത്തിൻ്റെ സമുന്നത ആയ ഒരു നേതാവ് ആകുവാനും അയാൾക്ക് അവസാന ജന്മത്തിൽ സാധിച്ചു.
പഞ്ചമഹാഭൂതങ്ങളിലേക്ക് പ്രപഞ്ച മഹാമഹാസമുദ്രത്തിൻ്റെ മടിത്തട്ടിലേക്ക് തൻ്റെ ശരീരം സമർപ്പിച്ച് കൊണ്ട് ജന്മ ഉദ്ദേശം മുഴുവൻ പൂർത്തിയാക്കി അയാൾ യാത്രയായി. അയാളുടെ ജീവിത യാത്രകൾ ലോകത്തിന് തന്നെ വഴികാട്ടിയായി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ