മോക്ഷം..


 അയാൾക്ക് മോക്ഷം ആയിരുന്നു വേണ്ടത്. ലോകത്തിൽ നിന്ന് രക്ഷപ്പെടുവാൻ ഉള്ള മാർഗം. അതിൻ്റെ സാധന മാത്രം ആയി മാറി ജീവിതം. എന്തിന് എന്ന് ചോദിച്ചാൽ ഉത്തരം ഇല്ല. ലോകത്തെ താൽപര്യമില്ല. മരണത്തെ പുൽകാൻ മോഹം , പക്ഷേ അതിൽ ജീവിത ലക്ഷ്യം നേടിയതിനു ശേഷം ഉള്ള ഒരു സ്വതന്ത്രമായ മൃത്യു. അതായിരുന്നു ഇഷ്ടം. 
മരണത്തിലേക്ക് സ്വയം നടന്നു കയറണം. അതിനും അപ്പുറം ഉള്ള ലോകത്തെ അറിയണം. ഈ ലോകം ചെറുത് , ഇനിയും ലോകങ്ങൾ ഉള്ളപ്പോൾ സഞ്ചരിക്കുവാൻ മടിക്കുന്നത് എന്തിന്. മരണം വെറുമൊരു പടവ് മാത്രം. അതിനുമപ്പുറം വിശാലമായ ലോകങ്ങൾ . രോമാഞ്ചം തോന്നുന്ന നിമിഷങ്ങൾ. 
ഒരിക്കൽ അയാൾ മരണത്തെ സ്വന്തം ഇഷ്ടപ്രകാരം ആർക്കും കൊടുക്കുന്ന വ്യക്തി ആയിരുന്നു. കാലത്തിൽ പേര് അടയാളപ്പെടുത്തിയ ഒരു യോദ്ധാവ്. തല അരിഞ്ഞു മാറ്റുവാൻ മടി ഇല്ലാത്ത , രക്തക്കറ തീരാത്ത,  വികാരങ്ങൾ ഇല്ലാത്ത ഒരു കല്ല് പോലെ അയാൾ പലപ്പോഴും യുദ്ധഭൂമിയിൽ നിന്നിട്ടുണ്ട്. 
പിന്നീട് , അതും മടുത്തു. 
ഒരു നാൾ , എല്ലാം ഉപേക്ഷിച്ച് സന്യാസി ആയി. യാത്രകളുടെ കാലം. മനുഷ്യരുടെ മനസ്സുകൾ പഠിച്ചു. പ്രകൃതിയെ അടുത്തറിഞ്ഞു. 
ക്രൂരതയുടെ ഇരുട്ടിൽ നിന്നും ദയയുടെ പ്രകാശത്തിലേക്ക് മനസ്സ് മാറി. 
എന്തൊക്കെയോ ചെയ്യണം എന്ന് അയാൾക്ക് തോന്നിത്തുടങ്ങി. 
വീണ്ടും ജീവിതത്തിൽ ഇരുട്ട് പരന്നു. കാരണം അത് അയാളുടെ ജീവിത സായാഹ്നം ആയിരുന്നു. ഒരു എഴുത്തോലയിൽ കുറച്ച്  എന്തൊക്കെയോ കോറിയിട്ട ശേഷം മരണം അയാളെ തേടിയെത്തി. എനിക്ക് ഇവിടെ കർമം ഉണ്ട് ഇനിയും ബാക്കി. അത് എൻ്റെ കാതുകളിൽ മുഴങ്ങുന്നു എന്ന് അയാൾ എഴുതി. 
ആ വാക്കുകൾ കാരണം ചിന്തകൾ കാരണം വീണ്ടും ശരിയായ രീതിയിൽ കർമപ്രാപ്തിയും മോക്ഷവും നേടുവാൻ ഒരു പെണ്ണായി ജനിച്ചു. നോവറിയുവാൻ ആയിട്ട് , കരുണ നൽകുവാൻ ആയിട്ട് . അമ്മ ആകുവാൻ ആയിട്ട്. 
കരി പുരണ്ട കണ്ണുകളിൽ അവൾക്ക് അറിയുവാൻ ആ ജന്മത്തിലും ഒന്നേ ആഗ്രഹം ഉണ്ടായുള്ളൂ. മോക്ഷത്തെ . സത്യത്തെ. ജ്ഞാനത്തെ. 
കഥ വീണ്ടും തുടർന്നു. 

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌